മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്നു ഡോ. കെ. അയ്യപ്പപ്പണിക്കർ ( സെപ്റ്റംബർ 12, 1930 -ഓഗസ്റ്റ് 23, 2006). ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാൾ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കർ അറിയപ്പെടുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പായിരുന്നു. പ്രഗല്ഭനായ അദ്ധ്യാപകൻ, വിമർശകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന,സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു.
1930 സെപ്റ്റംബർ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം. അച്ഛൻ ഇ.നാരായണൻ നമ്പൂതിരി; അമ്മ എം. മീനാക്ഷിയമ്മ. കാവാലം ഗവൺമെന്റ് പ്രൈമറി സ്കൂൾ, എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ് അവിട്ടം തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലായിരുന്നു ബിരുദ പഠനം.
അമേരിക്കയിലെ ഇൻഡ്യാന സർവകലാശാലയിൽ നിന്ന് എം.എ., പിഎച്ച്.ഡി. ബിരുദങ്ങൾ നേടി. കോട്ടയം സി.എം.എസ്. കോളജിൽ ഒരു വർഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952-ൽ തിരുവനന്തപുരം എം.ജി. കോളജിലെത്തി. ദീർഘകാലം ഇവിടെയായിരുന്നു അധ്യാപന ജീവിതം. പിന്നീട് കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു.
പ്രധാന കൃതികൾ
- അയ്യപ്പപ്പണിക്കരുടെ കൃതികൾ (നാലു ഭാഗം)
- കുരുക്ഷേത്രം
- അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ (രണ്ടു ഭാഗം)
- തകഴി ശിവശങ്കരപ്പിള്ള (ജീവചരിത്രം)
- കാർട്ടൂൺ കഥകളും മഹാരാജ കഥകളും
- 10 കവിതകളും പഠനങ്ങളും
- പൂക്കാതിരിക്കാൻ എനിക്കാവതില്ല
- ഗോത്രയാനം
- പൂച്ചയും ഷേക്സ്പിയറും (വിവർത്തനം)
- ജീബാനന്ദദാസ്
- മയക്കോവ്സ്കിയുടെ കവിതകൾ (വിവർത്തനം)
- സൗത്ത് ബൌണ്ട് (ഇംഗ്ലീഷ് കവിതകൾ)
- ഇൻ ദ് സേക്രഡ് നേവൽ ഓഫ് ഔർ ഡ്രീം (ഇംഗ്ലീഷ്)
- ഐ കാണ്ട് ഹെല്പ് ബ്ലോസ്സമിങ് (ഇംഗ്ലീഷ്)
No comments:
Post a Comment